കൽപ്പറ്റ: 2023-24 അധ്യയന വർഷത്തെ മികച്ച എൻഎസ്എസ് വോളണ്ടിയർക്കുള്ള സംസ്ഥാന പുരസ്കാരം വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ഫിനാസിന് ലഭിച്ചു.
സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യം മുൻനിർത്തി സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികളിലെ പങ്കാളിത്തമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
നിലവിൽ കൽപ്പറ്റ എൻഎംഎംഎസ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയും യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറുമാണ് മുഹമ്മദ് ഫിനാസ്. കഴിഞ്ഞവർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥാനത്തെ മികച്ച വോളണ്ടിയറായി തെരഞ്ഞെടുത്തത് ഈ വിദ്യാർഥിയെയാണ്.
വടുവൻചാൽ സ്കൂളിൽ പച്ചക്കറിത്തോട്ടം, തേനീച്ച വളർത്തൽ, ചെണ്ടുമല്ലിക്കൃഷി, പ്ലാസ്റ്റിക് നിർമാർജനം, സ്കൂൾ പെയിന്റിംഗ്, എൽപി വിഭാഗത്തിലെ ലൈബ്രറി സജ്ജീകരണം, പുസ്തകത്തണൽ, പങ്കാളിത്ത ഗ്രാമ പ്രവർത്തനം തുടങ്ങി നിരവധി പരിപാടികളിൽ മുഹമ്മദ് ഫിനാസ് മികവ് തെളിയിച്ചിരുന്നു. സാമൂഹിക സേവനത്തിൽ സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.പി. സുഭാഷിന്റെയും മാതാപിതാക്കളായ അബ്ദുൾ കലാം, സക്കീന എന്നിവരുടെയും വലിയ പിന്തുണ ലഭിച്ചതായി മുഹമ്മദ് ഫിനാസ് പറയുന്നു.